ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര ദേശാഭിമാനിയും കേരളത്തിലെ ആദ്യകാലകോൺഗ്രസ് നേതാക്കളിൽ പ്രമുഖനുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 80-ാം ചരമവാർഷികം ഇന്ന് ആചരിക്കുന്നു.
1945 നവംബർ23-നാണ് ജനസേവനത്തിനായി സ്വന്തം ജീവിതം ത്യജിച്ച ഈ മഹാനായ മനുഷ്യസ്നേഹി നമ്മെ വിട്ടുപിരിഞ്ഞത്. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും സ്വാതന്ത്ര്യ സമരത്തിൽ ജനങ്ങളെ അണിനിരത്തുന്നതിലും അബ്ദുറഹ്മാൻ സാഹിബ് സുപ്രധാന പങ്ക് വഹിച്ചു.
സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ചിട്ടും, സ്വാതന്ത്ര്യ സമരത്തിനായുള്ള പോരാട്ടത്തിനായി അദ്ദേഹം എല്ലാം ഉപേക്ഷിച്ചു. സ്വാതന്ത്ര്യസമരത്തോടൊപ്പം തന്നെ മുസ്ലിം ഐക്യസംഘവുമായി സഹകരിച്ചുകൊണ്ട് സമുദായ പരിഷ്കരണ രംഗത്തും അദ്ദേഹം സജീവമായിരുന്നു.
യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ പുരോഗമനപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനും സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം നൽകാനും അദ്ദേഹം സമയം കണ്ടെത്തി.
വീരപുത്രൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദ്ദേഹത്തിൻ്റെ ജീവിതം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഉത്തമ ഉദാഹരണമാണ്.
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മകൾക്ക് സ്ഥിരമായ ഒരു സ്മാരകം എന്നനിലയിൽ മലപ്പുറം ജില്ലയിൽ അദ്ദേഹത്തിൻ്റെ നാമധേയത്തിൽ ഒരു പ്രദേശം തന്നെ നിലകൊള്ളുന്നുണ്ട്.
പെരുവള്ളൂരുമായി അതിർത്തി പങ്കിടുന്ന അബ്ദുറഹ്മാൻ നഗർ, കൊടുവായൂർ എന്ന പേരിലായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.
ഇന്ന് അബ്ദുറഹ്മാൻ നഗർ എന്നനാമധേയത്തിൽ പഞ്ചായത്ത് ഓഫീസ്, തപാൽ ഓഫീസ് , വില്ലേജ് ഓഫീസ്, ഹൈസ്കൂൾ എന്നിവ ഉൾപ്പെടെ ഒട്ടനവധി സർക്കാർ സ്ഥാപനങ്ങളാണ് സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും പ്രദേശത്തെ കോൺഗ്രസ് കാരണവരുമായിരുന്ന വി.എ.ആസാദ്സാഹിബിൻ്റെ ശക്തമായ ഇടപെടലുകളും ശ്രമങ്ങളുമാണ് ഈ പ്രദേശത്തിന്അബ്ദുറഹ്മാൻ സാഹിബിന്റെ നാമധേയം ലഭിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്.
പലരും സ്വീകരിച്ചു പോരുന്ന എ ആർ നഗർ എന്ന് ചുരുക്കി എഴുതുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്ന വ്യക്തിത്വമായിരുന്നു വി എ ആസാദ് സാഹിബ്. ദേശീയ പ്രസ്ഥാനത്തോടുള്ള കൂറും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനോടുള്ള ഹൃദയത്തിൽ പതിഞ്ഞ ആരാധനയുമായിരുന്നു
കൊളപ്പുറം സ്വദേശിയായ വി എ ആസാദ് സാഹിബിന്റെ പ്രചോദനം. 1984-1988 വരെയുള്ള നാലുവർഷക്കാലം ആസാദ് സാഹിബിനോടൊന്നിച്ച് സഹവസിക്കാൻ അവസരം ലഭിച്ചത് ഈ ലേഖകൻ ഇവിടെ ഓർക്കുകയാണ്.
Feature written by: Saithalavi Kodasseripotta
Post a Comment