കോഴിക്കോട് ‣ ഹോട്ടൽ മുറിയിൽ താമസിച്ചിരുന്ന കൊണ്ടോട്ടി സ്വദേശിയെ വാതിൽ തള്ളിത്തുറന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കോഴിക്കോട് നാദാപുരം സ്വദേശികളായ മുഹമ്മദ് ഇർഫായി, അഫ്‌സൽ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ സാദിഖാണ് കവർച്ചയ്ക്ക് ഇരയായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള 'ഇന്റർനാഷണൽ' എന്ന ഹോട്ടലിൽ റൂമെടുത്താണ് സാദിഖ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം സാദിഖിന്റെ മുറിയിലേക്ക് നാലംഗ സംഘം വാതിൽ തള്ളിത്തുറന്ന് അതിക്രമിച്ചു കയറി. തുടർന്ന് കത്തി കാണിച്ച് വധഭീഷണി മുഴക്കിയ സംഘം ഇയാളുടെ കൈവശമുണ്ടായിരുന്ന 4000 രൂപ കൈക്കലാക്കി. കൂടാതെ, ഗൂഗിൾ പേ വഴി 13,000 രൂപ കൂടി ഇയാളെക്കൊണ്ട് അയപ്പിച്ചു. അതിനുശേഷം സാദിഖിന്റെ മൊബൈൽ ഫോൺ അടക്കം കൈക്കലാക്കിയാണ് സംഘം ഇവിടെ നിന്നും കടന്നുകളഞ്ഞത്.
സാദിഖിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് ഇർഫായിയും അഫ്‌സലും അറസ്റ്റിലായത്. സംഘത്തിലെ മറ്റ് രണ്ട് പേർക്കായി ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് കോഴിക്കോട് ടൗൺ പോലീസ് അറിയിച്ചു.
Post a Comment