പടിക്കൽ കരുവാങ്കല്ല് പൊതുമരാമത്ത് റോഡിൽ അപകടങ്ങളേറുന്നു; ഇന്നലെയും പൊലിഞ്ഞത് ഒരു ജീവൻ

പെരുവള്ളൂർ ‣ പടിക്കൽ കരുവാങ്കല്ല് പൊതുമരാമത്ത് റോഡ് സ്ഥിരം അപകടമേഖലയായി മാറുന്നു. പെരുവള്ളൂർ വില്ലേജ് ഓഫീസ് മുതൽ വരപ്പാറ വരെയുള്ള മേഖലയിലുണ്ടായ വാഹനാപകടത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം മരിച്ചത് രണ്ടുപേരാണ്. പറമ്പിൽ പീടികയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് ഉണ്ടായ അപകടത്തിൽ വേങ്ങര കുറ്റൂർ മാടംചിന സ്വദേശി മുനീർ എന്ന യുവാവ് മരിച്ചിരുന്നു. ഇവർ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ മറ്റൊരു കാറിൽ ഇടിച്ചായിരുന്നു അപകടം. ഇതേ അപകടത്തിൽ തന്നെ സഹയാത്രികന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. 

വരപ്പാറ പുതിയ പറമ്പിന് സമീപം സീബ്രാ ലൈനിലൂടെ മുറിച്ചുകടക്കവേ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരനായ പെരിഞ്ചേരി മുഹമ്മദ് മരിച്ചത് ഇക്കഴിഞ്ഞ ഡിസംബർ 24 നാണ്. കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാത കൂടിയാണിത്. പുതുതായി റബ്ബറൈസ് ചെയ്ത ഈ റോഡിൽ എവിടെയും സ്പീഡ് ബ്രേക്കറോ ഹമ്പോ ഇല്ലാത്തതിനാൽ തന്നെ വാഹനങ്ങൾ അമിത വേഗതയിൽ ഓടുന്നതിനാൽ പകൽസമയങ്ങളിൽ പോലും ഭീതിയോടെയാണ് ആളുകൾ റോഡ് മുറിച്ചുകടക്കാറുള്ളത്. 

പഞ്ചായത്തിൽ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയുണ്ടെങ്കിലും ഇത് നിലവിൽ നിർജീവമായ സാഹചര്യമാണുള്ളത്. നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കുന്ന അപകടങ്ങൾക്ക് നിയന്ത്രണം വരുത്താൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിശദമായ ആക്ഷൻ പ്ലാൻ നടപ്പിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വാഹനങ്ങളുടെ വേഗത കുറക്കാൻ സ്പീഡ് ബ്രേക്കറോ സ്റ്റോപ്പ്‌ &പ്രോസീഡ്‌ സ്ഥാപിക്കണമെന്നും നിർദേശമുയർന്നിട്ടുണ്ട്.
ഫോട്ടോ: പെരുവള്ളൂർ പറമ്പിൽ പീടികയിൽ ഇന്നലെ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട വാഹനങ്ങൾ 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal