പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും അക്കാദമീഷ്യനുമായ മാധവ് ഗാഡ്ഗില്‍ പൂനെയിൽ അന്തരിച്ചു

മുംബൈ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും അക്കാദമീഷ്യനുമായ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. സംസ്‌കാരം വൈകിട്ട് നാലുമണിക്ക് പൂനെയിലെ വൈകുണ്ഠ ശ്മശാനത്തില്‍ നടക്കും. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു മാധവ് ഗാഡ്ഗില്‍. ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറ ഖനനം, അണക്കെട്ട് നിര്‍മാണം എന്നിവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങള്‍ വലിയ രീതിയില്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. അവഗണിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. മാധവ് ഗാഡ്ഗിലിന്റെ നിലപാടുകള്‍ എത്രത്തോളം ശരിയാണെന്ന് പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

വിദേശത്തെ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ പഠിച്ചതിന് ശേഷം ഇന്ത്യയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ 30 വര്‍ഷത്തോളം ജോലി ചെയ്തു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സിലില്‍ അംഗമായിരുന്നു. മാധവ് ഗാഡ്ഗിലിന് രാജ്യം പദ്മശ്രീ, പത്മഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിരുന്നു. തന്റെ ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തില്‍ എന്നും ഒരു ‘ജനപക്ഷ ശാസ്ത്രജ്ഞന്‍’ ആയിട്ടാണ് മാധവ് സ്വയം വിശേഷിപ്പിച്ചത്. 

ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം വാദിച്ചു. 2024-ല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദ്ദേഹത്തെ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ ആയി തെരഞ്ഞെടുത്തിരുന്നു. 1942 മെയ് 24ന് പൂനെയിലായിരുന്നു ജനനം. മാതാവ: പ്രമീള. പിതാവ്: സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal