ചേളാരി | പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വിപണത്തിന് എത്തിച്ച രാസ ലഹരി പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ രണ്ട് പേർ കൂടി പിടിയിലായി. കോഴിക്കോട് പുതുപ്പാടി പെരുംപള്ളി സ്വദേശികളായ പൈനാട്ടു കിലയിൽ വീട്ടിൽ മുഹമ്മദ് സലിം (35), കാവുംപുറത്ത് വീട്ടിൽ ആഷിഖ് (27) എന്നിവരാണ് പിടിയിലായത്. വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും മലപ്പുറം കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് രാസ ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ലോറി ഡ്രൈവറായ സലിം ഉൾപ്പെടുന്ന സംഘം.
പിടിയിലായ സലിം വയനാട് സുഗന്ധഗിരി മരംമുറി കേസിൽ പ്രതിയാണ്. പിടിയിലായ ആഷിഖിൻ്റെ പേരിൽ താമരശ്ശേരി സ്റ്റേഷനിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകൾ നിലവിൽ ഉണ്ട്. ഇതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം ആറായി. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ എസ് പി കാർത്തിക് ബാലകുമാർ, തേഞ്ഞിപ്പാലം ഇൻസ്പക്ടർ ജലീൽ കറുത്തേടത്, എസ് ഐ വിപിൻ വി പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Post a Comment