കാമുകിയെ സ്വന്തമാക്കാന്‍ വാഹന അപകടമുണ്ടാക്കി, പിന്നാലെ രക്ഷകനായി; പൊലീസെത്തിയതോടെ എല്ലാം പാളി, ഒടുവിൽ അകത്തായി

പത്തനംതിട്ട പ്രണയിക്കുന്ന യുവതിയുടെ കുടുംബത്തിന്റെ മതിപ്പ് നേടാന്‍ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് വാഹനാപകട നാടകം പൊളിഞ്ഞത്. കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജന്‍ (24), കോന്നി പയ്യനാമണ്‍ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുളള കേസാവുകയും ചെയ്തു.

ഡിസംബര്‍ 23-നാണ് യുവാവും സുഹൃത്തും ചേര്‍ന്ന് യുവതിയുടെ വാഹനം ഇടിച്ചിട്ടത്. വൈകുന്നേരം സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റില്‍വെച്ച് രണ്ടാംപ്രതി അജാസ് കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശേഷം കാര്‍ നിര്‍ത്താതെ പോയി. ഉടന്‍ മറ്റൊരു കാറില്‍ സ്ഥലത്തെത്തിയ ഒന്നാം പ്രതി രഞ്ജിത് യുവതിയെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ഭര്‍ത്താവാണ് താനെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു.അപകടം നടന്നയുടന്‍ തന്നെ രഞ്ജിത് സ്ഥലത്തെത്തിയത് പൊലീസിന് സംശയത്തിന് ഇടയാക്കിയിരുന്നു. കാര്‍ ഓടിച്ച അജാസിന്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. അപകടത്തില്‍ യുവതിയുടെ വലതു കൈക്കുഴ തെറ്റി. ചെറുവിരലിന് പൊട്ടലും ഉണ്ടായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal