നൃത്ത അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ തേഞ്ഞിപ്പലം സ്വദേശി വിജീഷ് പൊലീസിന് മുന്നിൽ കീഴടങ്ങി

തൃശൂർ : ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ ലോഡ്ജിൽ നൃത്താധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പ്രതി തേഞ്ഞിപ്പലം ചെനക്കലങ്ങാടി ചിനക്കനാരി റോഡിലെ വിജീഷ് നിവാസിൽ വിജീഷ് (39) പോലീസിൽ കീഴടങ്ങി. വേങ്ങരയിൽ ഡാൻസ് സ്കൂൾ നടത്തുന്ന മലപ്പുറം കണ്ണമംഗലം തിരുത്തിക്കാട് തോട്ടശ്ശേരിയിലെ സോപാനം വീട്ടിൽ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. 

ചൊവ്വാഴ്ച വൈകിട്ടാണ് വിജീഷും ധനലക്ഷ്മിയും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിയിൽ മുറിയെടുത്തത്. ബുധനാഴ്ച ഉച്ചയോടെ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെത്തിയ വിജീഷ്, സുഹൃത്തിനെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയെന്ന് മൊഴിനൽകി. തേഞ്ഞിപ്പലം പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പോലീസ് ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ധനലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. 

തന്നെ വിവാഹം കഴിക്കാൻ ധനലക്ഷ്മി നിരന്തരം നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിജീഷ് പോലീസിന് നൽകിയ പ്രാഥമിക മൊഴി. ചൊവ്വാഴ്ച രാത്രി തന്നെയാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കുന്നംകുളം എസിപി മുരളീധരൻ, സിഐ രാജേന്ദ്രൻ നായർ, എസ്‌ഐ ബാബു എന്നിവർ സ്ഥലത്തെത്തി. പ്രതിയെ തേഞ്ഞിപ്പലം പോലീസ് ചെറുതുരുത്തി പോലീസിന് കൈമാറി. മൃതദേഹം തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal