വണ്ടൂർ: വാണിയമ്പലം തൊടികപ്പുലത്ത് പതിനാലുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് വെളിപ്പെടുത്തൽ. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത 16 വയസ്സുകാരൻ കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.
വാണിയമ്പലത്തിനും തൊടികപ്പുലത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പുള്ളിപ്പാടത്തെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോമിലായിരുന്ന കുട്ടിയുടെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് തൊട്ടടുത്ത് തന്നെ സ്കൂൾ ബാഗും കണ്ടെത്തിയിട്ടുണ്ട്. മരിച്ച പെൺകുട്ടിയും പ്രതിയായ 16 കാരനും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ഇവർക്ക് മുൻപ് താക്കീത് നൽകിയിരുന്നതായും വിവരമുണ്ട്.
കൊലപാതകം താൻ ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് പ്രതി അവകാശപ്പെടുന്നത്. എന്നാൽ സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്. എന്തിനാണ് ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കരുവാരകുണ്ട് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്. നാടിനെ നടുക്കിയ ഈ സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
Post a Comment