ചേലേമ്പ്ര | ജോലി ആവശ്യാർഥം പഞ്ചാബിലേക്ക് യാത്ര ചെയ്യവേ മധ്യപ്രദേശിൽ വച്ച് കാണാതായ മധ്യവയസ്കൻ മരിച്ച നിലയിൽ. ചേലേമ്പ്ര ചേലൂപ്പാടം താമസിക്കുന്ന പരേതനായ വള്ളിക്കാട്ടിൽ സൈതലവിയുടെ മകൻ ഫിറോസ് (46) നെയാണ് മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബീന റെയിൽവേ സ്റ്റേഷന് 20 കിലോമീറ്റർ അകലെ ഖുറൈ എന്ന സ്ഥലത്ത് വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം 19നാണ് ചേലേമ്പ്രയിൽ നിന്നും ചെന്നൈ വഴി പഞ്ചാബിലേക്ക് സംഘം പുറപ്പെട്ടത്. 22ന് ഉച്ചയോടെ മധ്യപ്രദേശിലെ ഗോളിയേറിൽ എത്തിയ സംഘത്തോട് ഫിറോസ് തിരികെ നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിലാക്കി നാട്ടിലേക്ക് ട്രെയിൻ കയറ്റി വിട്ട ശേഷമാണ് സംഘം പഞ്ചാബിലേക്ക് യാത്ര പുനരാരംഭിച്ചത്.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഫിറോസ് നാട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരണം സംഭവിച്ചതായി അറിയുന്നത്.
മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനായി ബന്ധുക്കൾ ഇന്നലെ മധ്യപ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യും.
ഭാര്യ : ഫാത്തിമ. മക്കൾ : മുഹമ്മദ് ഫവാസ്, മുഹമ്മദ് ഫാഹിസ്, ഫാത്തിമ ഫിദ്‌യ.
إرسال تعليق