കരിപ്പൂർ വിമാനത്താവള പരിസരത്ത് ഡ്രോൺ ഭീഷണി രൂക്ഷം: അധികൃതർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കരിപ്പൂർ ● വിമാനത്താവളത്തിനും വിമാന സർവീസുകൾക്കും ഭീഷണിയാകുംവിധം വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ അനധികൃതമായി ഡ്രോണുകൾ പറത്തുന്നതും ലേസർ ലൈറ്റുകൾ ഉപയോഗിക്കുന്നതും തടയുന്നതിനായി വിമാനത്താവള പരിസരവാസികൾക്കായി പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
വ്യോമയാന സുരക്ഷാ വിഭാഗത്തിന്റെയും റൺവേ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലാസ് നടത്തിയത്.

വിമാനത്താവളത്തിന് സമീപത്തുള്ള പ്രദേശങ്ങളിൽ കല്യാണ ആവശ്യങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി അനധികൃതമായി ഡ്രോണുകൾ പറത്തുന്നതും, രാത്രികാലങ്ങളിൽ ആകാശത്തേക്ക് ലേസർ ലൈറ്റുകൾ അടിക്കുന്നതും മൂലമുണ്ടാകുന്ന ഗുരുതരമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് ചടങ്ങിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഇത്തരം അശ്രദ്ധമായ പ്രവർത്തനങ്ങൾ പൈലറ്റുമാരുടെ ശ്രദ്ധ തിരിക്കുമെന്നും, വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ്ങിനും ടേക്ക്-ഓഫിനും വലിയ രീതിയിൽ തടസ്സം സൃഷ്ടിക്കുമെന്നും പരിസരവാസികളെ ബോധ്യപ്പെടുത്തി.

വ്യോമയാന നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെയും സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതിന്റെയും പ്രാധാന്യം അധികൃതർ ചടങ്ങിൽ ഓർമ്മിപ്പിച്ചു. വിമാനത്താവളത്തിന് ചുറ്റുമുള്ള നിശ്ചിത കിലോമീറ്റർ പരിധിയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. സുരക്ഷാ ഭീഷണികൾ ഒഴിവാക്കാൻ തദ്ദേശവാസികളുടെ പൂർണ്ണമായ സഹകരണം ആവശ്യപ്പെട്ട അധികൃതർ, നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പും നൽകി. ചടങ്ങിൽ വിവിധ ജനപ്രതിനിധികളും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.


Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal